അണക്കെട്ടിന്റെ ചരിത്രവും കരാറും


അണക്കെട്ടിന്റെ ചരിത്രവും കരാറും

1886 ഒക്ടോബര്‍ 29 നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള 'പെരിയാര്‍ പാട്ടക്കരാര്‍' (ജലൃശ്യമൃ ഹലമലെ റലലറ) ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാര്‍ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മ്മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാര്‍.

പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന (155 ള േരീിീtuൃ ഹശില) പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറില്‍ പറയുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചനപദ്ധതിക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൂര്‍ണ്ണ അധികാരം മദിരാശി സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതായും കരാറില്‍ പറയുന്നു. നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയത്. പെരിയാര്‍ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സര്‍ക്കാറിന് നല്‍കിയതായും കരാറില്‍ പറയുന്നു. 999 വര്‍ഷത്തേക്കാണ് കരാര്‍. മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കേണ്ടിവരും. പാട്ടതുകയായി വര്‍ഷത്തില്‍ ഏക്കറിന് അഞ്ച് രൂപതോതില്‍ 40,000 രൂപയാണ് തിരുവിതാംകൂറിന് നല്‍കാന്‍ നിശ്ചയിച്ചത്.

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആര്‍ബിട്രേറ്റര്‍മാരൊ അമ്പയര്‍മാരോ ഉള്‍പ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ല്‍ കരാര്‍ ഒപ്പിട്ട് അടുത്തവര്‍ഷം 1887 സപ്തംബറില്‍ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫിബ്രവരിയില്‍ പൂര്‍ത്തിയായി. ഇതോടെ പെരിയാര്‍ തടാകവും രൂപംകൊണ്ടു. അണക്കെട്ട് നിര്‍മ്മിച്ച് ഇഷ്ടംപോലെ വെള്ളം വൈഗേയിനദിയിലേക്ക് ഒഴുകിയപ്പോള്‍ ഈ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ആലോചനയിലായി ബ്രിട്ടീഷ് ഭരണാധികാരികള്‍. മദ്രാസിലെ വ്യവസായ ഡയറക്ടര്‍ എ. ചാറ്റര്‍ടണ്‍ ഇതിനായി 1909ല്‍ രൂപരേഖ സമര്‍പ്പിച്ചു. ഇതനുസരിച്ച് പ്രവര്‍ത്തനങ്ങളും തുടങ്ങി.

ജലസേചനത്തിനുമാത്രമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ശബ്ദമുയര്‍ത്തി. ഇതിന് തടയിടാന്‍ പരിശ്രമങ്ങള്‍ ഉണ്ടായി. കരാറിലെ വ്യവസ്ഥയനുസരിച്ച് പ്രശ്‌നം അര്‍ബിട്രേറ്റര്‍മാര്‍ക്ക് വിട്ടു. പക്ഷെ ആര്‍ബിട്രേറ്റര്‍മാരായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രമഹ്ണ്യഅയ്യരും തര്‍ക്കത്തിലായി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതായപ്പോള്‍ തീരുമാനം അമ്പയര്‍ക്ക് വിട്ടു. ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി നിരഞ്ജന്‍ ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാന്‍ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സര്‍ അല്ലാടി കൃഷ്ണസ്വാമി അയ്യരുമായിരുന്നു 1941 ജനുവരി ഒന്നു മുതല്‍ അഞ്ച് വരെ നടന്ന വിചാരണയില്‍ പങ്കെടുത്തത്. 1941 മെയ് 12 ന് അമ്പയര്‍ വിധി പ്രഖ്യാപിച്ചു. ഇത് തിരുവിതാംകൂറിന് അനുകൂലമായിരുന്നു ജലസേചനത്തിനല്ലാതെ മറ്റ് ആവശ്യങ്ങക്ക് വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. ജലസേചന ആവശ്യത്തിന് വെള്ളം കൊണ്ടു പോകുന്നതിനുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മാത്രമേ മദ്രാസ് സംസ്ഥാനത്തിന് അവകാശമുള്ളുവെന്നും അദ്ദേഹം വിധിയെഴുതി. എന്നാല്‍ ഈ വിധി മുഖവിലയ്‌ക്കെടുക്കാന്‍ മദ്രാസ് സര്‍ക്കാര്‍ തയ്യാറായില്ല. വൈദ്യുതി ഉല്പാദനവുമായി അവര്‍ മുന്നോട്ടുപോയി. വിധിയുടെ പാശ്ചാത്തലത്തില്‍ 1886 ലെ കരാര്‍ റദ്ദാക്കാന്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ കച്ച കെട്ടിയിറങ്ങി. 1947 ജൂലായ് 21ന് അദ്ദേഹം ഡല്‍ഹിയില്‍ വൈസ്‌റോയി മൗണ്ട്ബാറ്റണിനെകണ്ട് നിവേദനം നല്‍കി. കരാറിലെ വ്യവസ്ഥകളും മദ്രാസ് സര്‍ക്കാറിന്റെ കരാര്‍ ലംഘനവും അമ്പയറുടെ വിധിയും ദിവാന്‍ മൗണ്ട് ബാറ്റണിനെ ധരിപ്പിച്ചു. കരാറിലെ ചതിയും അദ്ദേഹം തുറന്നുകാട്ടി.

999 വര്‍ഷത്തെ കരാറില്‍ മദ്രാസ് സര്‍ക്കാറിന് വെള്ളംകൊണ്ട് വര്‍ഷംതോറും 25 ലക്ഷം രൂപയോളം കിട്ടുമ്പോള്‍ തിരുവിതാംകൂറിന് പ്രതിവര്‍ഷം 40,000 രൂപമാത്രമാണ് കിട്ടുന്നതെന്നും ഈ അസമത്വം ഇനി തുടരാനാവില്ലെന്നും താന്‍ വൈസ്രോയിയെ അറിയിച്ചതായി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാമസ്വാമിയുടെ വാദം ശരിയാണെന്നും ഇതിന് വേണ്ടുന്നതെല്ലാം ചെയ്യാമെന്നും വൈസ്രോയി സമ്മതിച്ചതായും അതില്‍ പറയുന്നു.പക്ഷെ വിജയം ബ്രിട്ടീഷുകാരുടെ ഭാഗത്തായിരുന്നു. അമ്പയറുടെ വിധിയും കരാറിലെ വ്യവസ്ഥകളും കാറ്റില്‍ പറത്തി അവര്‍ വൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി. പെരിയാര്‍ തടാകം ദേശീയ ഉദ്യാനമാക്കി മാറ്റാനുള്ള തിരുവിതാംകൂറിന്റെ പ്രവര്‍ത്തനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. മാത്രമല്ല. ടൂറിസത്തിനായി പെരിയാര്‍ തടാകത്തില്‍ ബോട്ട് ഓടിക്കുന്നതിനുള്ള അനുമതിയും നല്‍കി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതല്‍ പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംമ്പര്‍ 9ന് മുഖ്യമന്ത്രി ഇ.എം. എസ്സുമായി തമിഴ്‌നാട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് കരാര്‍ പുതുക്കുന്നതിനായി തമിഴ്‌നാട് പല എഴുത്തു കുത്തുകളും നടത്തി. 1960 ജൂലായ് നാലിന് അന്നത്തെ മുഖ്യമന്ത്രയായിരുന്ന പട്ടംതാണുപിള്ളയുമായും തമിഴ്‌നാട് മുഖ്യമന്ത്രിചര്‍ച്ച നടത്തി. 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി ചര്‍ച്ച നടന്നു. 1970 മെയ് 29ന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതുക്കിയ കരാറില്‍ ഒപ്പിട്ടു. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സര്‍ക്കാറിനുവേണ്ടി ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥന്‍ നായരുമാണ് കരാറില്‍ ഒപ്പുവെച്ചത്. 1886ലെ കരാറിലെ വ്യവസ്ഥകളെല്ലാം നിലനിര്‍ത്തി പെരിയാറിലെ വെള്ളം ഉപയോഗിച്ച് പെരിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ അനുമതിനല്‍കിക്കൊണ്ടുള്ളതായിരുന്നു പുതുക്കിയ കരാര്‍. 1886ലെ കരാറില്‍ ഭേദഗതിവരുത്തിയാണ് ഇത് ഉണ്ടാക്കിയത്.

നേരത്തെ ഏക്കറിന് അഞ്ചുരൂപയായിരുന്ന പാട്ടത്തുക പുതിയ കരാറില്‍ 30 രൂപയായി ഉയര്‍ത്തി. കരാര്‍ തീയതിമുതല്‍ 30 വര്‍ഷം കൂടുമ്പോള്‍ പാട്ടത്തുക പുതുക്കാമെന്നും ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. പുതുക്കിയ കരാറിന് 1954 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു. പെരിയാറിലെ വെള്ളം ഉപയോഗിച്ച് പെരിയാര്‍ പവര്‍ ഹൗസില്‍നിന്ന് തമിഴ്‌നാടിന്റെ ആവശ്യത്തിനായി മാത്രം അവരുടെ ചെലവില്‍ ഏത് ആവശ്യത്തിനുമുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ അനുമതിനല്‍കിയിരിക്കുന്നു എന്നാണ് പുതുക്കിയ കാരാറില്‍ പറയുന്നത്. വൈദ്യുതി ഉല്പാദനത്തിന്റെ ആവശ്യത്തിനായി കുമളി വില്ലേജില്‍ 42.17 ഏക്കര്‍ സ്ഥലവും തമിഴ്‌നാടിന് പാട്ടമായി നല്‍കി. വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതില്‍ തമിഴ്‌നാട് കേരളത്തിന് നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. 350 ദശലക്ഷത്തില്‍ കൂടിയാല്‍ 18 രൂപ നല്‍കണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയര്‍. ഈ കരാര്‍ അനുസരിച്ച് 2000-ാം ആണ്ടില്‍ പാട്ടതുക പുതുക്കി നിശ്ചയിക്കേണ്ടതായിരുന്നുവെങ്കിലും അത് ചെയ്തിട്ടില്ല. 1886 ല്‍ ഉണ്ടാക്കിയ പെരിയാര്‍ പാട്ടകരാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യ സ്വതന്ത്രമായതോടെ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടില്‍ ഈ കാര്യം പറയുന്നുണ്ട്. ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാകരാറുകളും റദ്ദായി. അതിനാല്‍ മദ്രാസ് ഭരിച്ച ബ്രിട്ടീഷ് സര്‍ക്കാറുമായുള്ള തിരുവിതാംകൂറിന്റെ പാട്ടക്കരാറിന് നിയമസാധുതയില്ല. പക്ഷെ 1970ല്‍ പഴയകരാര്‍ നിലനിര്‍ത്തിക്കൊണ്ടാണ് വൈദ്യുതി ഉല്പാദനത്തിനു കൂടി അനുമതിനല്‍കി ഭേദഗതി വരുത്തിയത്. ഇതാണ് കേരളത്തിന്ന് എക്കാലത്തേക്കും തലവേദനയായിരിക്കുന്നത്. 

അണക്കെട്ട് വന്ന വഴി; പരിഗണിക്കാത്ത ആവശ്യം

മുല്ലയാറും പെരിയാറും ഒത്തുചേര്‍ന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാര്‍' എന്ന പേരില്‍ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിര്‍ത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സഹ്യന്റെ പടിഞ്ഞാറ് കേരളത്തിന്റെ ഭാഗത്ത് നല്ല മഴയും വെള്ളവും. അയല്‍ സംസ്ഥാനമായ, ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട്, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ അന്ന് വരള്‍ച്ചയായിരുന്നു; കൃഷിനാശവും. സഹ്യന്റെ കിഴക്കാണത്.മഴ ദുര്‍ലഭമായിരുന്നു, ഇവിടെ. ഇവിടത്തെ കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായി, തിരുവിതാംകൂര്‍ അതിനോട് യോജിച്ചു.

തിരുവിതാംകൂറിന്റെ ഉപാധികള്‍

1.തിരുവിതാംകൂര്‍ നല്‍കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നല്‍കുക.

2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ പാട്ടം നിലങ്ങള്‍ എന്നറിയപ്പെട്ടിരുന്ന 51 ഏക്കര്‍ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.

3.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതല്‍ നല്‍കുക.

4.ആവശ്യമെങ്കില്‍ മദ്രാസ് പ്രവിശ്യയിലെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുന്ന ഇതേ വ്യവസ്ഥകളിന്മേല്‍ തിരുവിതാംകൂറിലെ കര്‍ഷകര്‍ക്കും വെള്ളം നല്‍കുക.

ഉപാധികളിന്മേല്‍ ചര്‍ച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേര്‍ത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകള്‍ ഭേദഗതികളോടെ അംഗീകരിച്ചു. 1886 ഒക്ടോബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവെച്ചു. തിരുവിതാംകൂര്‍ മഹാരാജാവിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂര്‍ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ഐ.എച്ച്. പ്രിന്‍സും സാക്ഷികളായി ഒപ്പിട്ടു.

അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍

1.പ്രതിവര്‍ഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നല്‍കും. അത് തിരുവിതാംകൂര്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാറിന് കൊടുക്കുന്ന തുകയില്‍ നിന്ന് കുറവ് ചെയ്യും.

2.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതല്‍ നല്‍കും.

3.അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നല്‍കാതെ തിരുവിതാംകൂര്‍ പ്രദേശത്ത് നിന്നെടുക്കാന്‍ പാട്ടക്കാരന് അവകാശമുണ്ടാകും.

4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.

5.കരാര്‍ നടപ്പാക്കുന്നതിനിടയില്‍ ഉയര്‍ന്നേക്കാവുന്ന തര്‍ക്കങ്ങള്‍ രണ്ട് സര്‍ക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും. ആകെക്കൂടി നോക്കുമ്പോള്‍ കരാര്‍ തിരുവിതാംകൂറിന് നഷ്ടക്കച്ചവടം തന്നെയായിരുന്നു. ബ്രിട്ടന്റെ സമ്മര്‍ദം വ്യക്തം.


No comments:

Post a Comment